This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രേയ്ഗ്, ലിമാന്‍ ക്രിഗ്ടണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രേയ്ഗ്, ലിമാന്‍ ക്രിഗ്ടണ്‍

Craig, Lyman Creighton (1906 - 74)

അമേരിക്കന്‍ ജൈവരസതന്ത്രജ്ഞന്‍. 1906 ജൂണ്‍ 16-ന് അയോവയിലെ പാള്‍മിറായില്‍ ജനിച്ചു. അയോവ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി. ബിരുദം നേടി (1931). ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ രണ്ടുവര്‍ഷം സേവനം അനുഷ്ഠിച്ചശേഷം 1933-ല്‍ ന്യൂയോര്‍ക്കിലെ റോക്ഫെല്ലര്‍ സര്‍വകലാശാലയില്‍ രസതന്ത്രപ്രൊഫസറായി നിയമനം നേടി.

മിശ്രിതങ്ങളില്‍ അടങ്ങിയിട്ടുള്ള പദാര്‍ഥങ്ങളെ കൂടുതല്‍ സമര്‍ഥമായി വേര്‍തിരിക്കുന്നതിനുള്ള സാങ്കേതികത്വം ആവിഷ്കരിക്കുന്നതില്‍ ക്രേയ്ഗ് ശ്രദ്ധ ചെലുത്തി. ഇദ്ദേഹം വികസിപ്പിച്ചെടുത്ത ആംശിക സ്വേദനപ്രക്രിയയാണ് 'കൗണ്ടര്‍ കറന്റ് ഡിസ്ട്രിബ്യൂഷന്‍' (സി.സി.ഡി.). അനേകം ആന്റിബയോട്ടിക്കുകളും ഹോര്‍മോണുകളും ശുദ്ധരൂപത്തില്‍ നിര്‍മിക്കുന്നതിന് സി.സി.ഡി. പ്രക്രിയ വളരെ പ്രയോജനകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഹീമോഗ്ളോബിന്റെ രണ്ടു പ്രോട്ടീന്‍ ശൃംഖലകളെ വേര്‍തിരിക്കുന്നതിനും ക്രേയ്ഗ് സി.സി.ഡി. പ്രക്രിയ ഉപയോഗപ്പെടുത്തുകയുണ്ടായി.

എര്‍ഗട്ടിന്റെ ആല്‍ക്കലോയ്ഡുകളെ സംബന്ധിച്ച ഗവേഷണവേളയില്‍ ക്രേയ്ഗും ഡബ്ള്യു. എ. ജേക്കബ്സ് എന്ന ശാസ്ത്രജ്ഞനും കൂടി അതുവരെ കണ്ടെത്താതിരുന്ന ഒരു അമിനോ അമ്ളം വേര്‍തിരിച്ചെടുത്തു. ഇതിനെ 'ലൈസേര്‍ജിക് അമ്ളം' എന്ന് അവര്‍ നാമകരണം ചെയ്തു. ഇതേത്തുടര്‍ന്ന് മറ്റു ഗവേഷകര്‍ ഈ അമ്ളത്തിന്റെ ഡൈ മീഥൈല്‍ അമൈഡ് നിര്‍മിച്ചെടുക്കുകയും എല്‍.എസ്.ഡി. എന്ന സംയുക്തം കണ്ടെത്തുകയും ചെയ്തു. ശാരീരിക പ്രവര്‍ത്തനത്തെ വളരെയധികം സ്വാധീനിക്കാന്‍ കഴിവുള്ള ഒരു മയക്കുമരുന്നാണ് എല്‍.എസ്.ഡി.

1974 ജൂല. 7-ന് ന്യൂജഴ്സിയിലെ ഗ്ളെന്‍വേക്കില്‍ ക്രേയ്ഗ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍